ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റാന്നി തഹസിൽദാർ

പത്തനംതിട്ട: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റാന്നി തഹസിൽദാരുടെ  ശുപാർശ.ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കി തഹസിൽദാർ പത്തനംതിട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.ശബരിമലയിലിപ്പോൾ സംഘർഷാവസ്ഥയില്ലെന്നും തിരുമുറ്റത്ത് പൊലീസ് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മാറ്റാമെന്നും കളക്ടറെ അറിയിച്ചു.സുരക്ഷയുടെ പേരിൽ എടുത്തിരിക്കുന്ന കർശന നിയന്ത്രണങ്ങൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു.

ശബരിമലയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയുടെ സമയം അവസാനിക്കാനിരിക്കവെയാണ് തഹസിൽദാരുടെ ശുപാർശ.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിലവിൽ  നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്.പമ്പയിലും നിലയ്ക്കലിലും ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുതെന്നും തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും തഹസിൽദാർ ശുപാര്‍ശ ചെയ്തു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിനൊപ്പം പൊലീസിൻ്റെ  റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും ജില്ലാ കളക്ടര്‍ ശബരിമലയിലെ നിരോധനാജ്ഞയുടെ കാര്യത്തിൽ  അന്തിമതീരുമാനം കൈക്കൊള്ളുക.