വ്യാജ തൊഴിൽ വാർത്തകൾക്കെതിരെ ഖത്തർ എയർവേയ്‌സിന്റെ മുന്നറിയിപ്പ്

ദോഹ: ഖത്തർ എയർവേയ്‌സിന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്യുന്ന ചില ഇന്റർനെറ്റ് പരസ്യങ്ങളോട്  ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിന് സമാനമായ സൈറ്റുകളിൽ നിന്ന് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാനായി വ്യാജ തൊഴിൽ വാഗ്ദാനം നൽകപ്പെടുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്. പരസ്യങ്ങള്‍ കണ്ട് ബാങ്ക് വിവരങ്ങളടക്കം നല്‍കിയവര്‍ വഞ്ചിതരാകുന്ന സംഭവങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി.
ഇത്തരക്കാരോട്‌ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണം. ഇത്തരം പരസ്യങ്ങളോട് പ്രതികരിക്കുമ്പോൾ ബാങ്ക് വിവരങ്ങൾ അടക്കം നൽകുന്ന പ്രവണതക്ക് ഖത്തർ എയർവേയ്‌സ് കമ്പനി ഒരു തരത്തിലും ഉത്തരവാദിത്വം ഏറ്റെടുക്കില്ല. തൊഴിലിനു പണം ആവശ്യപ്പെടുന്ന രീതി ഖത്തർ എയർവേയ്‌സിന്റെ ശൈലി അല്ലെന്നു ജനങ്ങൾ മനസിലാക്കണമെന്നും അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ലോകത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സില്‍ ഓരോ വര്‍ഷവും നൂറ് കണക്കിന് പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്.