കുവൈറ്റില്‍ ദുരിതത്തിലായ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം

കുവൈറ്റ്: കുവൈത്തില്ർ രണ്ടു വർഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. ഇവരില്‍ 74 നഴ്സുമാര്‍ക്ക് ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ കരാറിൽ കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഒപ്പുവെച്ചു.ഫാമിലി വിസയിലുള്ള 5 പേരുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. രണ്ട് വർഷം മുമ്പ് ആരോഗ്യമന്ത്രാലയ വിസയിൽ എത്തിയ നഴ്സുമാരാണ് ജോലിയിൽ കയറാനാകാതെ കുവൈറ്റിൽ കുടുങ്ങിയത്.

റിക്രൂട്ട്മെന്റിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവിൽ സർവ്വീസ്‌ കമ്മീഷൻ റദ്ദ് ചെയ്യുകയായിരുന്നു.കരാറിന്റെ ആദ്യ പടിയെന്നോണം ഇവരുടെ താമസ രേഖ പുതുക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യക്ഷമത പരിശോധന നടപടികൾ പൂർത്തിയാക്കിയിരുന്നു.

കുവൈത്തിലെ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരമാണ്‌
ഇന്ത്യൻ എംബസി പ്രശ്ന പരിഹാരത്തിന് തീരുമാനമുണ്ടാക്കിയത്‌. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതിൽ ആശ്വാസത്തിലാണ് നഴ്‌സുമാർ. ആകെ 80 നഴ്സുമാരായിരുന്നു ജോലി ലഭിക്കാതെ കുവൈറ്റില്‍ കുടുങ്ങി കിടന്നത്.