കെ.എം ഷാജിക്ക് നിയമസഭാനടപടികളിൽ പങ്കെടുക്കാം: സുപ്രീംകോടതി

കൊച്ചി: എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ അഴീക്കോട് എം.എൽ.എ കെ.എം ഷാജി നൽകിയ അപ്പീൽ ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി.അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ കാലാവധി നാളെ അവസാനിക്കാനിരിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. അതേസമയം നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് കെ.എം ഷാജിക്ക് വിലക്കില്ല. എന്നാൽ ആനുകൂല്യങ്ങളൊന്നും കൈപറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഹർജി ഉടൻ പരിഗണിക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്  ഉൾപ്പെട്ട ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വർഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ നവംബർ 9 നാണ് കെ.എം ഷാജി എം.എൽ.എയെ  ഹൈക്കോടതി അയോഗ്യനാക്കിയത്.അഴീക്കോട് മണ്ഡലത്തില്ർ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച നികേഷ്‌കുമാർ നൽകിയ പരാതിയിലായിരുന്നു കോടതി നടപടി.അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു.സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്ന് കെ.എം.ഷാജി ആവശ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു. അതിന് ശേഷമാണ് കെ.എം ഷാജി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ  അപ്പീൽ നൽകിയത്.