സന്നിധാനത്ത് 52 കാരിയെ തടഞ്ഞ സംഭവം: കെ. സുരേന്ദ്രനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ് കേസെടുത്തു.ചിത്തിര ആട്ട വിശേഷ ദിവസം സന്ദർശനത്തിനെത്തിയ 52 കാരിയെ തടഞ്ഞതിൽ ഗൂഢാലോചന നടത്തിയെന്ന പേരിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.ഇതോടെ സുരേന്ദ്രന്റെ ജയിൽ മോചനം ഇനിയും വൈകിയേക്കും.

പൊലീസ് നിയന്ത്രണം ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്ന കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാൽ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സുരേന്ദ്രനെതിരെ അടുത്ത കേസെത്തി. കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അതിന് പിന്നാലെയാണ് 52 കാരിയെ തടഞ്ഞ കേസിലും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുള്ളത്.അതേസമയം കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുക്കുകയാണെന്നും എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസർക്കാറിന് പരാതി നൽകുമെന്നും ബിജെപി പ്രസിഡൻറ് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.കണ്ണൂരിലെ കേസിന് പുറമേ പുതിയ കേസിലും ജാമ്യമെടുത്താൽ മാത്രമേ കെ.സുരേന്ദ്രന് ജയിൽ മോചിതനാകാൻ കഴിയൂ.