രഞ്ജി ട്രോഫിയിൽ കേരളത്തിന് ചരിത്ര വിജയം

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ആതിഥേയരായ ബംഗാളിനെ തകർത്ത്‌ രഞ്ജി ട്രോഫിയിൽ  കേരളത്തിന് ചരിത്ര വിജയം. ഒൻപതു വിക്കറ്റിനാണ് കേരളം ബംഗാളിനെ തകർത്തത്. രണ്ടാം ഇന്നിങ്‌സിൽ ബംഗാളിനെ 184 റൺസിന് ഓൾഔട്ടാക്കിയ കേരളം, 41 റൺസിന്റ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയിൽ ബംഗാളിനെ തോൽപ്പിക്കുന്നത്.

41 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ജലജ് സക്‌സേനയുടെ വിക്കറ്റ് നഷ്ടമായി. സക്സേന 21 പന്തില്‍ 26 റണ്‍സെടുത്തു. സക്‌സേന 26 റൺസിന് പുറത്തായി. 12 റൺസുമായി അരുൺകാർത്തിക്കും രണ്ടു റൺസെടുത്ത രോഹൻപ്രേമും പുറത്താകാതെ നിന്നു. സ്‌കോർ ബംഗാൾ 147, 184, കേരളം 291, 44/1. വിജയത്തോടെ മൂന്നു കളികളിൽ നിന്ന് 13 പോയിന്റുമായി കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. തോറ്റെങ്കിലും ആറു പോയന്റുള്ള ബംഗാള്‍ തന്നെയാണ് ഗ്രൂപ്പില്‍ ഇപ്പോഴും രണ്ടാമത്.

62 റൺസെടുത്ത ക്യാപ്റ്റൻ മനോജ് തിവാരിക്ക് മാത്രമാണ് ബംഗാളിന്റെ ബാറ്റിങ് നിരയിൽ തിളങ്ങാനായത്. സുദീപ് ചാറ്റർജി 39 റൺസെടുത്തപ്പോൾ അഞ്ച് ബാറ്റ്‌സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഒന്നാമിന്നിങ്‌സിൽ ഓൾറൗണ്ടർ ജലജ് സക്‌സേനയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിലാണ് കേരളം ലീഡ് നേടിയത്. 147 റൺസിന് ഓൾ ഔട്ടായ ബംഗാളിനെതിരേ ഒന്നാമിന്നിങ്‌സിൽ കേരളം 291 റൺസ് അടിച്ചെടുത്തു.