ദുബായിൽ സാങ്കേതിക മേഖലയിലുള്ളവർക്ക്‌ ഫ്രീലാൻസ് പെർമിറ്റ് അനുവദിക്കും

ദുബായ്: ദുബായിൽ സാങ്കേതിക മേഖലയിൽ യോഗ്യതയുള്ള പ്രൊഫഷണലുകൾക്ക് ഫ്രീലാൻസ് ജോലിചെയ്യാൻ പെർമിറ്റുകൾ അനുവദിക്കുമെന്ന് ദുബായ് ഇന്റർനെറ്റ് സിറ്റി അറിയിച്ചു.  പെർമിറ്റ് എടുക്കുന്നയാൾക്ക് ബിസിനസ് സെന്റർ ഉപയോഗിക്കാനുള്ള അനുവാദവും ലഭിക്കും. രാജ്യത്ത് താമസവിസയില്ലാത്ത അപേക്ഷകരാണെങ്കിൽ അവർക്ക് വിസ ലഭിക്കാൻ വേണ്ട സഹായവും നിർദേശങ്ങളും നൽകും.

എന്നാൽ വിസയുടെ ചെലവുകൾ ഫീസിൽ ഉൾപ്പെടില്ല. വിസ-പാസ്‌പോർട്ട് പകർപ്പുകൾ, ഫോട്ടോ, എൻ.ഒ.സി. തുടങ്ങിയ രേഖകൾ അപേക്ഷകർക്ക് ഓൺലൈനിലൂടെ സമർപ്പിക്കാം. വെബ്, മൊബൈൽ, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, ആർകിടെക്ചർ, ഐ.ടി, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ സാങ്കേതിക മേഖലകളിലെ ജീവനക്കാർക്ക് ഫ്രീലാൻസ് പെർമിറ്റിന് അപേക്ഷിക്കാം.  നിലവിൽ ജോലിയുള്ളവർക്കും ഫ്രീലാൻസ് പെർമിറ്റിന് അപേക്ഷിക്കാം.

7500 ദിർഹമാണ് പെർമിറ്റിന്റെ വാർഷിക ഫീസ്. പെർമിറ്റ് എടുക്കുന്നയാൾക്ക് ബിസിനസ് സെന്റർ ഉപയോഗിക്കാനുള്ള അനുവാദവും ലഭിക്കും. ദുബായ് മീഡിയ സിറ്റിയും ദുബായ് നോളേജ് പാർക്കുമാണ് ഫ്രീലാൻസ് പെർമിറ്റുകൾ നൽകുന്നത്. കഴിഞ്ഞ ജൂണിൽ വിദ്യാഭ്യാസ, മാധ്യമ മേഖലകളിലും ദുബായ് ഫ്രീലാൻസ് പെർമിറ്റുകൾ അനുവദിച്ചിരുന്നു.