ശബരിമല വിഷയം: ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ-ചിത്തിര ആട്ട വിശേഷ സമയങ്ങളിൽ ശബരിമലയിലുണ്ടായ സംഘർഷങ്ങളെക്കുറിച്ച് സർക്കാരും പമ്പയിലും സന്നിധാനത്തും പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡി.ജി.പിയും സത്യവാങ്മൂലം സമർപ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡും ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

ശബരിമലയിലെ സംഘർഷങ്ങളിൽ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോർജ്ജ് എം.എൽ.എ സമർപ്പിച്ച ഹരജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബസിച്ച് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഇന്ന് വിശദീകരണം നൽകും.