ടി-20 വനിതാ ലോകകപ്പ്: സെമിയിൽ അടിപതറി ഇന്ത്യ

ആൻറിഗ്വ: ട്വൻറി 20 വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യ പുറത്ത്. ഇന്ത്യയെ 8 വിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റുവീശിയ  ഇന്ത്യ 19.2 ഓവറിൽ 112 ന് ഓൾ ഔട്ട് ആയി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറിൽ ലക്ഷ്യം കണ്ടു. മിഥാലി രാജിനെ ഒഴിവാക്കി കളത്തിലിറങ്ങിയ ഇന്ത്യ തുടക്കത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും തകർന്നടിയുകയായിരുന്നു. 34 റൺസെടുത്ത സ്മൃതി മന്ദനയ്ക്ക് മാത്രമാണ് ഇംഗ്ലണ്ട് ബൗളേഴ്‌സിന് മുന്നിൽ പിടിച്ച് നിൽക്കാനായത്. 89ന് 2 എന്ന് നിലയിലായിരുന്ന ഇന്ത്യയ്ക്ക് സ്പിന്നർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതോടെ 112ന് ഇന്ത്യ പുറത്താവുകയായിരുന്നു.

തുടക്കത്തിൽ തന്നെ് 2 വിക്കറ്റ് നഷ്ടമായെങ്കിലും ആമി ജോൺസിന്റെയും(53) നതാലി ഷിവറിന്റെയും (52) മികവിൽ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ തകർത്താണ് ഇംഗ്ലീഷ് പെൺപട കിരീടം ചൂടിയത്. സെമിയിൽ വിൻഡീസിനെ പിടിച്ച് കെട്ടി ആസ്‌ത്രേലിയയും ഫൈനലിൽ പ്രവേശിച്ചു.