സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് ശരണംവിളിച്ചതിന് 100 പേർക്കെതിരെ കേസ്

സന്നിധാനം: ഇന്നലെ രാത്രി സന്നിധാനത്ത്  ശരണം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതുൾപ്പെടെ അഞ്ച് വകുപ്പുകൾ ചേർത്ത് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ശബരിമലയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നെങ്കിലും ഒറ്റയ്‌ക്കോ കൂട്ടമായോ ശരണംവിളിക്കുന്നതിൽ കേസെടുക്കില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ചതിന് 100 പേർക്കെതിരെ പൊലീസ് കേസെടുത്തത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.

വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നാമജപവുമായി എത്തിയ ഒരു കൂട്ടം ഭക്തരെ പൊലീസ് തടഞ്ഞിരുന്നു. അതേതുടർന്ന് വടക്കേനടയിൽ കൂടിനിന്ന് ശരണംവിളിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. അതേസമയം, തിങ്കളാഴ്ച അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. എന്നാൽ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നത്.

മണ്ഡലകാലത്തിന് നട തുറന്ന ശേഷം ഇത് വരെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതായും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എ.ഡി.എമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചാണു കലക്ടർ അന്തിമ തീരുമാനമെടുത്തത്.