ശബരിമലയിൽ പൊലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല; ഡി.ജി.പി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യയീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹറ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിലയിൽ പൊലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയന്ത്രണങ്ങളുമേർപ്പെടുത്തിയിട്ടില്ലെന്നും ഡി.ജി.പി സമർപ്പിച്ച സത്യവാങ്ങമൂലത്തിൽ വ്യക്തമാക്കുന്നു. നടപ്പന്തലിൽ വെള്ളമൊഴിച്ചത് ഭക്തർ കിടക്കാതിരിക്കാനാണെന്ന ആരോപണം ശരിയല്ലെന്നും നടപ്പന്തലിൽ വെള്ളമൊഴിച്ച് കഴുകുന്നത്. നേരത്തേ ഉള്ള പതിവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നടപ്പന്തലിൽ തീർത്ഥാടകരെ വിരിവയ്ക്കാൻ അനുവദിക്കാത്തത് സുരക്ഷ കണക്കിലെടുത്താണ്. പ്രതിഷേധക്കാർ തമ്പടിക്കാതിരിക്കാനാണ് അത്തരം നടപടികൾ സ്വീകരിച്ചത്. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് പൊലീസ്  അറസ്റ്റ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ പൊലീസിന്റെ അമിത ഇടപെടൽ അനുവദിക്കാനാവില്ലെന്ന് നേരത്തേ ഹൈക്കോടതി പറഞ്ഞിരുന്നു.