സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവം;  കെ. സുരേന്ദ്രനെ വീണ്ടും റിമാൻഡ് ചെയ്തു

റാന്നി: ചിത്തിര ആട്ട സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞ  കേസിൽ കെ സുരേന്ദ്രനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം ആറ് വരെയാണ് റിമാൻഡ്. കെ. സുരേന്ദ്രൻ്റെ  ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അതേസമയം സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തളളി.

തനിക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നുവെന്നും മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും റാന്നി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് 52-കാരിയെ തടഞ്ഞ കേസിൽ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ നേരത്തേ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്. കെ. സുരേന്ദ്രന് പുറമേ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനായിരുന്നു കെ. സുരേന്ദ്രനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്ന് പൊലീസ് കേസെടുത്തത്. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത സുരേന്ദ്രന് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് തന്നെ അടുത്ത കുരുക്ക് വീണു. കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അതോടെ ആ കേസിൽ ജാമ്യം എടുത്താലേ പുറത്തിറങ്ങാനാകൂ എന്ന അവസ്ഥയാണിപ്പോൾ .ജാമ്യത്തിനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തുന്നതിനിടെയാണ് സന്നിധാനത്തെ ഗൂഢാലോചനക്കേസിലും കെ.സുരേന്ദ്രനും പ്രതി ചേർക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുള്ളതിനാൽ ജയിലിന് പുറത്തിറങ്ങാൻ കെ. സുരേന്ദ്രന് ഇനിയും കാത്തിരിക്കേണ്ടി വരും.കണ്ണൂരിലെ കേസിന് പുറമെ സന്നിധാനത്തെ ഗൂഢാലോചനക്കേസിലും ജാമ്യമെടുത്താൽ മാത്രമേ കെ.സുരേന്ദ്രന് ജയിൽ മോചിതനാകാൻ കഴിയൂ.