സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകി; ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: ശബരിമല വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ സത്യവാങ്മൂലം സമർപ്പിക്കണമായിരുന്നെന്നും പതിനൊന്നാം മണിക്കൂറിൽ സത്യവാങ്മൂലം നൽകിയാൽ എങ്ങനെ പരിശോധിക്കുമെന്നും ഹൈക്കോടതി വിമർശിച്ചു. എന്നാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട രേഖകൾ എടുക്കുന്നതിന് കാലതാമസമുണ്ടായതാണ് സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയെതെന്ന് എ.ജി വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ ചിലർ സ്വകാര്യ താൽപര്യങ്ങളാണ് ചിലർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അത് കണ്ടില്ലെന്ന് വെയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു. എത്രയും വേഗം ശബരിമലയെ പഴയ അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ട് വരണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിലയിൽ പൊലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയന്ത്രണങ്ങളുമേർപ്പെടുത്തിയിട്ടില്ലെന്നുമാണ് സർക്കാർ സമർപ്പിച്ച സത്യവാങ്ങമൂലത്തിൽ സൂചിപ്പിച്ചത്. നടപ്പന്തലിൽ വെള്ളമൊഴിച്ചത് ഭക്തർ കിടക്കാതിരിക്കാനാണെന്ന ആരോപണം ശരിയല്ലെന്നും നടപ്പന്തലിൽ വെള്ളമൊഴിച്ച് കഴുകുന്നത്. നേരത്തേ ഉള്ള പതിവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നടപ്പന്തലിൽ തീർത്ഥാടകരെ വിരിവയ്ക്കാൻ അനുവദിക്കാത്തത് സുരക്ഷ കണക്കിലെടുത്താണന്നും പ്രതിഷേധക്കാർ തമ്പടിക്കാതിരിക്കാനാണ് അത്തരം നടപടികൾ പൊലീസ് സ്വീകരിച്ചതെന്നുമാണ് സർക്കാരിന്റെ വാദം.