ശ്രീലങ്കയിൽ ഒരു ശവക്കല്ലറക്കുള്ളിൽ കണ്ടെത്തിയത് 230 അസ്ഥികൂടങ്ങൾ

കൊളംബോ: ശ്രീലങ്കയിലെ മാന്നാർ ടൗണിലെ ഒരു ശവക്കല്ലറയിൽ നിന്ന‌് കണ്ടെത്തിയത് 230 അസ്ഥികൂടങ്ങൾ. കെട്ടിട നിർമാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്. ജീർണ്ണിച്ച ശവശരീരങ്ങൾക്കൊപ്പം, വീട്ടുപകരണങ്ങളും, ലോഹ ഭാഗങ്ങളും ആഭരണങ്ങളിലുള്ള പോർസലൈൻ, സെറാമിക്, മെറ്റൽ വസ്തുക്കൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

തമിഴ‌് ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ഇടമാണ‌് മാന്നാർ ടൗൺ. ശ്രീലങ്കൻ സൈന്യവും തമിഴ‌് പുലികളും തമ്മിലുണ്ടായ കലാപത്തിൽ നൂറുകണക്കിന‌് ആളുകളെ ഇവിടെനിന്ന‌് കാണാതായിരുന്നു. മാന്നാർ സൈനിക നിയന്ത്രണത്തിലായിരുന്നു. കലാപം അവസാനിച്ചശേഷം നിരവധി കൂട്ടശവക്കുഴികളാണ‌് കണ്ടെത്തിയത‌്.  2014ൽ മാന്നാറിലെ തിരുകേതീശ്വരം ക്ഷേത്രത്തിന‌ു സമീപം 96 പേരുടെ മൃതാവശിഷ‌്ടം കണ്ടെത്തിയിരുന്നു. അസ്ഥികൾ ചിതറിയാണുള്ളതെന്നതിനാൽ ശരീരഘടന കണ്ടുപിടിക്കാൻ പ്രയാസമായിരിക്കുമെന്ന‌് ഖനനത്തിന‌് നേതൃത്വം നൽകുന്ന പ്രൊഫ. രാജ‌് സോമദേവ പറഞ്ഞു. സ്ഥലത്ത് വിശദമായ ഖനനം നടത്താൻ  കോടതി ഉത്തരവിട്ടു.