ഗോവ ചലച്ചിത്രമേള: നടി ശ്രീദേവിയുടെ ഒാർമ്മയിൽ കണ്ണീരോടെ മകൾ ത്സാൻവി

ഗോവയിൽ നടക്കുന്ന 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടി ശ്രീദേവിയുടെ ഒാർമ്മയിൽ കണ്ണീരോടെ മകൾ ത്സാൻവി.കഴിഞ്ഞ വർഷത്തെ ഗോവാ മേളയിൽ അമ്മ ശ്രീദേവിക്കൊപ്പമായിരുന്നു ത്സാൻവി എത്തിയത്. ഇഷാൻ ഖാതറിനൊപ്പം ത്സാൻവി അഭിനയിച്ച ധടക്ക് എന്ന സിനിമയുടെ വിജയാഹ്ളാദത്തിലായിരുന്നു അന്ന് കപൂർ കുടുംബം.എന്നാൽ മൂന്നു മാസങ്ങൾക്കു ശേഷം  ദുബായിൽ വച്ച് നടി ശ്രീദേവി മരണത്തിന് കീഴങ്ങി.  അതിന്റെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.ഒമ്പത് മാസത്തിന് ശേഷം അമ്മയില്ലാതെ അച്ഛൻ ബോണീ കപൂറിനൊപ്പം ത്സാൻവി രണ്ടാമതും ഗോവ ചലച്ചിത്ര വേദിയിലെത്തുകയായിരുന്നു. .

” ഞാൻ സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് വരുന്നതിൽ ഒരിക്കലും അമ്മയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. പഠിപ്പിച്ച് മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് വിടാനായിരുന്നു ആഗ്രഹം. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. മോഡലിംഗും സിനിമയും. അമ്മയ്ക്കിഷ്ടമില്ലാത്ത വഴികളിലൂടെ, അല്ലെങ്കിൽ അമ്മയുടെ വഴിയേ നടക്കുകയാണ്. അമ്മ എത്തിയ സ്ഥലത്തെത്താൻ എന്നാൽ എത്രയോ ദൂരമുണ്ട്.” ത്സാൻവി ഗോവയിൽ പറഞ്ഞു.

ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന കോൺവർസേഷൻ വിത്ത് കപൂർ എന്ന പരിപാടി അക്ഷരാർത്ഥത്തിൽ വികാര നിർഭരമായിരുന്നു. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറും മകൾ ത്സാൻവി കപൂറുമാണ് പരിപാടിയിൽ പങ്കെടുത്തത്. അമ്മയെക്കുറിച്ച് താനെഴുതിയ കവിത ചൊല്ലിക്കൊണ്ടായിരുന്നു ഝാൻവിയുടെ തുടക്കം.

“അമ്മയുടെ അഭിനയം അൽഭുതമായിരുന്നു. കഥാപാത്രമായുള്ള അമ്മയുടെ രൂപമാറ്റം അനായാസാമായിരുന്നു .ഏത് ഭാഷയിലുള്ള അഭിനയവും അമ്മയ്ക്ക് വഴങ്ങും. അതു കൊണ്ട് അമ്മയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും, ഝാൻവി അഭ്യർത്ഥിച്ചു. ഗോവ ചലച്ചിത്ര മേളയിൽ ഇത്തവണ ശ്രീദേവിക്ക് ആദരമർപ്പിച്ചുള്ള സിനിമകളുടെ പ്രത്യേക പാക്കേജും പ്രദർശിപ്പിക്കുന്നുണ്ട്