മാത്യു.ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും: കെ. കൃഷ്ണൻകുട്ടി പുതിയ മന്ത്രിയാകുമെന്ന് ജെ.ഡി.എസ്

ബംഗളൂരു: ജലസേചനവകുപ്പ് മന്ത്രി മാത്യു.ടി തോമസ് മന്ത്രി സ്ഥാനം രാജി വെക്കുന്നു. പകരം ചിറ്റൂർ എം.എൽ.എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണൻകുട്ടി പുതിയ മന്ത്രിയാകുമെന്ന് ജെ.ഡി.എസ് ദേശീയ നേതൃത്വം അറിയിച്ചു. രണ്ടര വർഷം മുമ്പ് മന്ത്രി സ്ഥാനം രാജി വെയ്ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ജെ.ഡി.എസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രിസ്ഥാനം ഒഴിയാൻ മാത്യു.ടി. തോമസ് തയ്യാറായത്. ദേശീയ നേതൃത്വത്തിൻ്റെ ആവശ്യം മാത്യു.ടി തോമസ് അംഗീകരിച്ചതായി ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ തര്‍ക്കമുണ്ടായതിനെ തുടർന്ന്  ജനതാദള്‍ എസ് സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു മാത്യു.ടി തോമസിനെ നീക്കാൻ തീരുമാനമായത്. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണു ദേവെഗൗഡയുമായി ബെംഗളൂരുവിൽ ചർച്ച നടത്തിയത്. മാത്യു. ടി തോമസിനെ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും മന്ത്രി എത്തിയിരുന്നില്ല. മാത്യു ടി.തോമസിനെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു  ഇടതുമുന്നണിക്കു കത്ത് നല്‍കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

രണ്ടരവര്‍ഷം കഴിയുമ്പോള്‍ മാത്യു ടി തോമസ് മന്ത്രിസ്ഥാനത്തു നിന്ന് ഒഴിഞ്ഞു തനിക്ക് അവസരം നല്‍കുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണ വേളയില്‍ ഉണ്ടായിരുന്നുവെന്നും എന്നാൽ  അതു മന്ത്രി അംഗീകരിച്ചിരുന്നില്ലെന്നും എം.എൽ.എ കൃഷ്ണന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പാർട്ടി സമ്മർദത്തിനു വഴങ്ങി മന്ത്രി സ്ഥാനം ഒഴിയില്ലെന്നായിരുന്നു മാത്യു ടി തോമസിൻ്റെ ആദ്യ നിലപാട്. സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി തന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും  അദ്ദേഹത്തിനൊപ്പം  ചർച്ചയ്ക്കില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വം  ചര്‍ച്ച ചെയ്തപ്പോള്‍ കൃഷ്ണന്‍കുട്ടിക്കു മുന്‍തൂക്കം കിട്ടിയതിനെ തുടർന്ന് കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയായിരുന്നു. അതിന് ശേഷമാണ് മാത്യു.ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ധാരണയായത്.