കെ.കൃഷ്ണൻകുട്ടിയുടെ മന്ത്രിസ്ഥാനം ; ജെ.ഡി.എസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: ചിറ്റൂർ എം.എൽ,എ കെ. കൃഷ്ണൻകുട്ടിക്ക് മന്ത്രി സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം പങ്ക് വെയ്ക്കാമെന്നുള്ള ധാരണയിലായിരുന്നു മാത്യു.ടി തോമസിന് മന്ത്രിസ്ഥാനം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് മാത്യു.ടി തോമസിനെ നീക്കി പകരം കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയെ കണ്ടത്. മാത്യു ടി തോമസ് തിങ്ങളാഴ്ച രാജി വക്കും.

അതേസമയം ദേശീയ നേതൃത്വം ആദ്യം മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചത് കൃഷ്ണൻകുട്ടിയെ ആയിരുന്നുവെന്ന് ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി സി.കെ നാണു പറഞ്ഞു. ദേശീയ നേതൃത്വം മാത്യു.ടി തോമസിനെ മന്ത്രിയാക്കിയപ്പോൾ തങ്ങൾ എതിർത്തിരുന്നില്ലെന്നും മന്ത്രിസ്ഥാനം പങ്കിടാമെന്ന് മാത്യു.ടി തോമസും അംഗീകരിച്ചിരുന്നതായും സി.കെ നാണു വ്യക്തമാക്കി. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നും പാർട്ടിയിൽ ഭൂരിപക്ഷപിന്തുണ തനിക്കാണെന്നും നിയുക്ത മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയുമെന്ന് കരുതിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാൻ മന്ത്രി തയ്യാറാകാതിരുന്നതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടതെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.