ഹർമൻപ്രീതിന് ക്യാപ്റ്റനാവാൻ യോഗ്യതയില്ലെന്ന് മിതാലിയുടെ മാനേജർ

ഡൽഹി: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ നിന്ന് സീനിയർ താരം മിതാലി രാജിനെ ഒഴിവാക്കിയ വിവാദം പുകയുന്നു. പക്വതയില്ലാത്ത ഹർമൻപ്രീതിന് ക്യാപ്റ്റനാവാൻ യോഗ്യതയില്ലെന്ന് മിതാലിയുടെ മാനേജർ അനീഷ ഗുപ്ത പറഞ്ഞു. കാര്യങ്ങളെ വളച്ചൊടിക്കുന്ന ടീമിന് യോജിക്കാത്ത ക്യാപ്റ്റനാണ് ഹർമൻ പ്രീത് എന്നാണ് മിതാലിയുടെ മാനേജർ മത്സരത്തിന് ശേഷം ഹർമൻ പ്രീതിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് അനീഷ പരാമർശം നടത്തിയത്. അതേസമയം, മിതാലി രാജിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി ഹർമൻപ്രീത് കൗർ രംഗത്തെത്തിയിരുന്നു.

തീരുമാനമെല്ലാം ടീമിന് വേണ്ടിയാണെന്നും ഇന്ത്യൻ ടീമിൽ ഇത്തരം നീക്കങ്ങൾ പതിവാണെന്നുമാണ് നായിക ഹർമ്മൻപ്രീത് കൗർ പറയുന്നത്. ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും നിർണ്ണായകമായത് മിതാലി രാജിന്റെ പ്രകടനമായിരുന്നു. രണ്ട് അർദ്ധ സെഞ്ചുറികളാണ് ടൂർണമെന്റിൽ മിതാലി സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെയും അയർലണ്ടിനെതിരെയും ഇന്ത്യ അനായാസം വിജയിച്ചത് മിതാലിയുടെ ബാറ്റിലൂടെയായിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ അനീഷയുടെ ട്വിറ്റർ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.