നിപ്പ ബാധിച്ച് കേരളത്തിൽ മരിച്ചത് 21 പേരെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് 21 പേർ മരിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. 17 പേരാണ് മരിച്ചതെന്ന കേരളാ ആരോഗ്യ വകുപ്പിന്റെ കണക്ക് തള്ളിയാണ് ബ്രിട്ടീഷ് മെഡിക്കൽ,ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ഉൾപ്പെടെയുള്ള ജേർണലുകൾ നടത്തിയ പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.അതേസമയം പഠന റിപ്പോർട്ടിനെ ആരോഗ്യമന്ത്രി കെ.കെ ശൈലജ തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് 19 പേർക്കാണ് നിപ്പ ബാധിച്ചതെന്നും അതിൽ 17 പേർ മരിക്കുകയും ചെയ്തു എന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. എന്നാൽ 23 പേർക്ക് നിപ്പ ബാധിച്ചിരുന്നെന്നും 21 പേർ മരിക്കുകയും ചെയ്തു എന്നാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് മരിച്ചതും നിപ ബാധയെ തുടർന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സായ ലിനി മാത്രമാണ് നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യ പ്രവർത്തക എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് തയ്യാറാക്കി പുറത്ത് വിട്ടത്.രോഗം നിപയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ അഞ്ചു പേർ മരിച്ചതായും ആറാമതായി രോഗം സ്ഥിരീകരിച്ച സാലിഹിൽ നിന്നാണ് നിപ വൈറസ്  തിരിച്ചറിയാൻ കഴിഞ്ഞതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.