നിപ ബാധിച്ച് മരിച്ചത് 18 പേർ; അന്താരാഷ്ട്ര പഠന റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധയേറ്റ് കേരളത്തിൽ 21 പേർ മരിച്ചെന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ.സംസ്ഥാനത്ത്  പനി ബാധിച്ച് 18 പേരാണ് മരിച്ചതെന്നും ബാക്കിയുള്ളവ സംശയാസ്പദമാണെന്നും അതുകൊണ്ടു തന്നെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും  മന്ത്രി വ്യക്തമാക്കി..

പരിശോധനയിലൂടെ 18 പേർക്ക് മാത്രമാണ് നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പേരാമ്പ്ര സ്വദേശി സ്വാലിഹിന്റെ മരണത്തോടെയാണ് രോഗകാരണം നിപയെന്ന്  മനസ്സിലാക്കാൻ കഴിഞ്ഞതെന്നും പരിശോധനാ ഫലം പരിഗണിച്ച് മാത്രമേ രോഗകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്നും മന്ത്രി വിശദീകരിച്ചു.

ബ്രിട്ടീഷ് മെഡിക്കൽ , ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ഉൾപ്പെടെയുള്ള ജേർണലുകൾ നടത്തിയ പഠനത്തിലാണ് നിപ ബാധിച്ച് 21 പേർ മരിച്ചെന്ന വിവരങ്ങൾ പുറത്തു വന്നത്.ആകെ 23 പേർക്ക് നിപ്പ ബാധിച്ചിരുന്നെന്നും അതിൽ 21 പേർ മരിച്ചുവെന്നുമാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് മരിച്ചതും നിപ ബാധയെ തുടർന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പേരാമ്പ്ര ആശുപത്രിയിലെ നേഴ്സായ ലിനി മാത്രമാണ് നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യ പ്രവർത്തക എന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് തയ്യാറാക്കിയത്.രോഗം നിപയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ അഞ്ചു പേർ മരിച്ചതായും ആറാമതായി രോഗം സ്ഥിരീകരിച്ച  സ്വാലിഹിൽ നിന്നാണ് നിപ വൈറസ് തിരിച്ചറിയാൻ കഴിഞ്ഞതെന്നുമാണ് ഗവേഷണ റിപ്പോർട്ടിലുള്ളത്.