പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചില്ല; യുവാവ് സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

ബെംഗളൂരു: പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കാതിരുന്നതില്‍ പ്രകോപിതനായ യുവാവ് സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.ബെംഗളൂരുവിലെ കൊനാകുണ്ടില്‍ ആണ് സംഭവം. ബിടിഎസ് മഞ്ച എന്നയാള്‍ സുഹൃത്തുക്കളോടൊപ്പം എത്തിയാണ് സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പളനിയുടെ മകളുടെ പിറന്നാളാഘോഷത്തിന് മഞ്ചയെ ക്ഷണിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ആഘോഷത്തിന് ക്ഷണിക്കാത്തതില്‍ അപമാനിതനായ മഞ്ച ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയാണ് പ്രതികാരം തീർത്തത്.ബാറില്‍ നിന്ന് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പളനിയെയും മുരുകനെയും മഞ്ചയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഞ്ചയെ കണ്ടെത്തിയ പൊലീസ് സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. വടിവാളുപയോഗിച്ച് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടതോടെ സ്വയ രക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥന്‍ മഞ്ചയുടെ കാലില്‍ വെടിവച്ച് വീഴ്ത്തിയാണ് അറസ്റ്റ് ചെയ്തത്.