കെ.സുരേന്ദ്രന് ജാമ്യമില്ല;ചോദ്യം ചെയ്യാൻ പൊലീസിന് അനുമതി

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻറെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയ കേസിലാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്. കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പൊലീസിന് ഒരു മണിക്കൂർ അനുമതിയും കോടതി നൽകി.

വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുവാദം നൽകി.സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.സുരേന്ദ്രൻ സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചെന്നും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വാദിച്ചു.