നിലമ്പൂർ വെടിവെയ്പ്: തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകൾ

കൽപ്പറ്റ:നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകൾ ഭീഷണി മുഴക്കി.വയനാട്ടിലെ തൊണ്ടർനാട് പന്നിപാട് കോളനിയിലെത്തിയ മാവോയിസ്റ്റുകൾ ഈ വിവരം ആദിവാസികളെ അറിയിച്ചതായി പോലീസിന് വിവരം ലഭിച്ചു.വയനാട്ടിലെയോ സമീപ ജില്ലകളിലെയോ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.മാവോയിസ്റ്റുകൾ ആയുധമേന്തിയാണ് എത്തിയതെന്ന് ആദിവാസികൾ പൊലീസിനോട് പറഞ്ഞു.

2016 നവംബർ 24 നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനെയും അജിതയേയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്.മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഇന്റലിജൻസും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇന്റലിജൻസും സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു.