നാമജപ പ്രതിഷേധം: അറസ്റ്റിലായ 82 പേരെ ജാമ്യത്തിൽ വിട്ടു

പത്തനംതിട്ട. ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപപ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 82 പേരെ ജാമ്യത്തിൽ വിട്ടയച്ചു. വാവരുനടയ്ക്ക് മുന്നിൽ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സർക്കുലർ പ്രകാരം കോട്ടയം പൊൻകുന്നത്ത് നിന്നെത്തിയവരാണ് പ്രതിഷേധം നടത്തിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിൻമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.  2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു.

നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് ഇവർക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ ഇന്ന് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.