അംബരീഷിന് കലാലോകത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ

ബംഗളൂരു: അന്തരിച്ച കന്നട നടനും രാഷ്ട്രീയ നേതാവുമായിരുന്ന അംബരീഷിന് രാഷ്ട്രീയ- കലാ-സാംസ്കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി.അംബരീഷിൻ്റെ മൃതദേഹം കന്തീവര സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. ശ്വാസകോശ രോഗത്തിനും വൃക്ക രോഗത്തിനും അംബരീഷ് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.രോഗം കടുത്തതിനെ തുടർന്ന് നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഷ്ട്രീയത്തിലും സിനിമയിലും ഒരു പോലെ നിറഞ്ഞു നിന്ന അംബരീഷ് ആരാധകരുടെ പ്രിയപ്പെട്ട ‘അംബിയണ്ണ’ ആയിരുന്നു.പ്രിയ താരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ്  ആയിരങ്ങളാണ് കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുന്നിൽ തടിച്ച് കൂടിയത്.

കന്നട സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹത്തിന് ‘റിബൽ സ്റ്റാർ’ എന്നൊരു വിശേഷണം കൂടിയുണ്ട്.എൺപതുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന സുമലതയാണ് അംബരീഷിന്റെ ഭാര്യ. മലയാളത്തിലെ ഹിറ്റ് ചിത്രമായ ന്യുഡെൽഹിയുടെ റീമേക്കിനിടെയാണ് സുമലതയുമായി അംബരീഷ് അടുപ്പത്തിലായത്.തുടർന്ന് 1991 ൽ സുമലതയെ വിവാഹം കഴിച്ചു.

1952 ൽ ഹുച്ചേ ഗൗഡയുടെയും പത്മയമ്മയുടെയും ഏഴുമക്കളിൽ ആറാമത്തെയാളായിരുന്നു അംബരീഷ്.മണ്ഡ്യ ജില്ലയിലെ ദൊഡ്ഡനരസിക്കരയിൽ ജനിച്ച അദ്ദേഹം സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി.ചൗഡയ്യയുടെ പേരമകൻ കൂടിയാണ്.അഭിഷേക് ഗൗഡയാണ് മകൻ. മലവള്ളി ഹുച്ചേഗൗഡ അമർനാഥ് എന്നാണ് അംബരീഷിന്റെ യഥാർഥ പേര്.മരിക്കുമ്പോൾ 66 വയസ്സായിരുന്നു. 35 വർഷത്തോളം സിനിമാ ലോകത്ത് തിളങ്ങിയ താരം കന്നഡ,ഹിന്ദി, തെലുങ്കു,തമിഴ്,മലയാളം ഭാഷകളിലായി ഇരുന്നൂറ്റി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പ്രതിനായക വേഷത്തിലൂടെ സിനിമയിലെത്തിയ അംബരീഷ് 1972 ൽ നരസിംഹറാവു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

സിനിമയക്ക് പുറമേ രാഷ്ട്രീയത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.എം.എൽ.എ, എം.പി, കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1994 ലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അംബരീഷ് 1996 ൽ  പാർട്ടി വിട്ട് ജനതാദളിൽ ചേർന്നു.1998 ലെ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.എന്നാൽ താമസിയാതെ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അദ്ദേഹം തിരിച്ചെത്തി.തുടർന്ന് പതിനാലാം കേന്ദ്രമന്ത്രി സഭയിൽ അദ്ദേഹം വാർത്താ പ്രക്ഷേപണ മന്ത്രിയായി.എന്നാൽ മന്ത്രി സ്ഥാനത്തിന് നാല് മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.കാവേരി ട്രിബ്യൂണലിൻറെ വിധിയിൽ കർണാടകയ്ക്ക് നീതി ലഭിച്ചില്ലെന്ന കാരണം ഉയർത്തി അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എല്ലാവരേയും ഞെട്ടിച്ച് നാടകീയമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.