ആകാംക്ഷയില്‍ അയോധ്യ: നിരോധനാജ്ഞ നിലനില്‍ക്കെ വി.എച്ച്.പി സമ്മേളനം

അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര നിര്‍മാണത്തിന് സംഘ്പരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാനും ക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ടും വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് അയോധ്യയില്‍ ധര്‍മ്മസഭ സംഘടിപ്പിക്കും. രാമക്ഷേത്രം ആവശ്യപ്പെട്ട് ഇന്ന് അയോധ്യയില്‍ ശിവസേനയും സമ്മേളനം നടത്തുന്നുണ്ട്. സന്യാസിമാരും പ്രവർത്തകരും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.

വി.എച്ച്.പി യെ മുന്നില്‍ നിര്‍ത്തിയാണ് സംഘ്പരിവാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. പിന്തുണയുമായി ആർ.എസ്.എസും ശിവസേനയും രംഗത്തുണ്ട്. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെ 150 നഗരങ്ങളില്‍ ചെറുതും വലുതുമായ റാലികളും സംഘടിപ്പിക്കും.  അധികാരമുണ്ടായിട്ടും ബി.ജെ.പി രാമക്ഷേത്രത്തിനായി പരിശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ശിവസേന അയോധ്യയില്‍ സമ്മേളനം നടത്തുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട്  അയോധ്യ കനത്ത സുരക്ഷയിലാണ്. നിരോധനാജ്ഞയും നിലനില്‍ക്കുന്നുണ്ട്.