അലൻ്റെ മൃതദേഹത്തിനായി ലോകം കാത്തിരിക്കുന്നു; സെൻ്റിനൽ ദ്വീപിലേക്ക് കടക്കാനാവാതെ പൊലീസ്

അൻഡമാൻ നിക്കോബാർ: സെന്റിനൽ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ മത പ്രചാരകൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്. അലൻ മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ദ്വീപിലെത്തി ഗോത്രവർഗക്കാരെ സമീപിക്കാനാകാതെ കുഴങ്ങുകയാണ് അധികൃതർ. സാധാരണഗതിയിൽ പുറത്തുള്ളവർക്ക് ദ്വീപ് നിവാസികളുമായി ബന്ധപ്പെടാൻ സുരക്ഷിതമായ വഴികളൊന്നും സാധ്യമല്ല. ഈ സാഹചര്യത്തിൽ അലന്റെ മൃതദേഹം കണ്ടെത്താനായേക്കില്ലെന്നും വിദഗ്ദർ പറയുന്നു.

ജോൺ അലൻ ചൗ കൊല്ലപ്പെട്ട സാഹചര്യത്തിൽ ദ്വീപിലേക്ക് കടക്കുന്നത് അപകടമാണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. അലന്റെ സന്ദർശനത്തിന് ശേഷം അവിടേക്ക് കടന്ന് ചെല്ലുന്നത് അവരെ പ്രകോപിപ്പിച്ചേക്കും. നിലവിൽ സെന്റിനൽ ദ്വീപിലെ ഗോത്രവർഗക്കാരുടെ ജനസംഖ്യ 50നും 400നും ഇടയിലാണ്. അതിനാൽ തന്നെ അവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലുള്ള ഒരു മാർഗങ്ങളും പൊലീസിന് സ്വീകരിക്കാനാവില്ല. പുറമേ നിന്നുള്ള ചെറിയ ഇടപെടലുകൾ പോലും ഇവരെ സാരമായി ബാധിച്ചേക്കും. ഗോത്രവർഗക്കാരെ നേരിട്ട് സമീപിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് പൊലീസ് പിൻവാങ്ങുകയായിരുന്നു. ഇതോടെ ദ്വീപ് നിവാസികൾക്കും തങ്ങൾക്കും പ്രശ്‌നമില്ലാതെ അലന്റെ മൃതദേഹം എങ്ങനെ കണ്ടെത്തുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്.

ഇതിനിടെ അലന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള സാധ്യതകൾ മുന്നോട്ട് വച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആൻഡമാൻ നിക്കോബാർ ദ്വീപിൽ പ്രവേശിച്ചു ഗോത്രവർഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണു 83കാരനായ പണ്ഡിറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങൾ എന്നിവ സെന്റിനെലസ് ഗോത്രവർഗക്കാർക്കു സമ്മാനമായി നൽകി അവരെ സമീപിക്കാനാണ് അദ്ദേഹം മുന്നോട്ട് വച്ച നിർദേശം.

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രവർഗ്ഗ വിഭാഗങ്ങളെ കാണാനും കഴിയുമെങ്കിൽ അവരെ മതപരിവർത്തനം ചെയ്യാനുമാണ് അലൻ സെന്റിനൽ ദ്വീപിലേക്ക് പോയത്. നവംബർ 14ലാണ് അലൻ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ദ്വീപിൽ എത്തിയത്. എന്നാൽ ദ്വീപിലെ ഒരു ആണ്കുട്ടി അമ്പെയ്ത് ആക്രമിച്ചതോടെ ഇദ്ദേഹം തിരികെമടങ്ങുകയും ചെയ്തു. ഇതെല്ലാം അലൻ മരിക്കും മുമ്പ് തന്റെ ഡയറിയിൽ കുറിച്ചിരുന്നു. പിറ്റേന്ന് വീണ്ടും ദ്വീപിലെത്തിയ അലൻ തന്റെ പക്കലുള്ള മത്സ്യവും മറ്റു ചില സമ്മാനങ്ങളും നൽകിയെങ്കിലും ഗോത്രവർഗക്കാർ അലനെ കൊലപ്പെടുത്തി കടൽത്തീരത്തെ മണലിൽ കുഴിച്ചിടുകയായിരുന്നു. അവസാനമായി ജോണിനെ കാണുമ്പോൾ അദ്ദേഹത്തെ ദ്വീപുനിവാസികൾ ആക്രമിക്കുകയായിരുന്നെന്നാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞത്. അവർ ജോണിനെ വലിച്ചിഴച്ച് തീരത്തേക്ക് കൊണ്ടുവന്നതായും തീരത്തെ മണലിൽ കുഴിച്ചിട്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ദ്വീപിലെത്തുന്നവരെ അമ്പെയ്തും ആക്രമിച്ചും ദ്വീപുനിവാസികൾ പ്രതിരോധിക്കുന്നത് പതിവാണ്.  2004ൽ സുനാമിക്കിടെ രക്ഷാപ്രവർത്തനത്തെത്തിയ ഹെലികോപ്ടറിനെയും ഇവർ അമ്പെയ്ത് വീഴ്ത്താൻ ശ്രമിച്ചിരുന്നു. 2006ൽ ദ്വീപിന് സമീപമെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെയും ഇവർ അമ്പെയ്ത് കൊന്നിരുന്നു.