നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട: നിലയ്ക്കലിൽ പൊലീസേർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് 10 ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് പോകണമെങ്കിൽ വ്യവസ്ഥകൾ പാലിക്കണമെന്ന നോട്ടീസ് പൊലീസ് നൽകിയെങ്കിലും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിലായവരെ പൊരുനാട് പൊലീസ് സറ്റേഷനിലേക്ക് കൊണ്ട് പോയി.

അതേസമയം, വിലക്ക് ലംഘിച്ച് ഇന്നലെ രാത്രി സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 82 പേരെ ജാമ്യത്തിൽ വിട്ടയച്ചു.വാവരു നടയ്ക്ക് മുന്നിൽ പ്രതിഷേധിച്ചവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കുലർ പ്രകാരം കോട്ടയം പൊൻകുന്നത്ത് നിന്നെത്തിയവരാണ് പ്രതിഷേധം നടത്തിയത്. ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറർ കെ.ജി.കണ്ണൻ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.