ആർത്തവത്തെ ആഘോഷമാക്കി ‘ആർപ്പോ ആർത്തവം’

കൊച്ചി: ആർത്തവം അശുദ്ധമല്ലെന്ന മുദ്രവാക്യം ഉയർത്തി കൊച്ചിയിൽ ‘ആർപ്പോ ആർത്തവം’  ക്യാമ്പയിൻ. ആർത്തവം അശുദ്ധി ആണെന്ന് പറയുന്നവരോട് സ്ത്രീ ശരീരത്തിന് പ്രകൃതി നല്‍കിയ സമ്മാനമാണെന്നു പറയുകയാണ് ‘ആർപ്പോ ആർത്തവം’ എന്ന ക്യാമ്പയിൻ. ആർത്തവ അയിത്തത്തിനെതിരെ നമുക്ക് തൊട്ട് കൂടാം എന്ന മുദ്രവാക്യം ഉയർത്തിയാണ് പരിപാടി.  ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകൾക് സമൂഹത്തിൽ അയിത്തം കല്‍പ്പിക്കുന്നതിനെതിരെ തുല്യനീതി എന്ന ആശയം ഉയർത്തിയാണ് കൂട്ടായ്മ ഒത്തുകൂടിയത്.

ദളിത്‌ ചിന്തകൻ സണ്ണി എം കപിക്കാട്,അദ്ധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, ശ്രീചിത്രൻ എം.ജെ, സി.കെ ജാനു തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു. ശബരിമലയിൽ നാല് സ്ത്രീകൾ കയറിയാൽ പിന്നാലെ കയറുന്നത് സ്ത്രീ പ്രവേശനത്തിനെതിരെ പ്രധിഷേധിക്കുന്ന സ്ത്രീകൾ ആയിരിക്കുമെന്ന് ശ്രീചിത്രൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ അനൂകൂലിച്ച് പാട്ട് അവതരിപ്പിച്ച സോഷ്യൽ മീഡിയകളിലൂടെ ശ്രദ്ധേയരായ തമിഴ് നാടോടി ഗാന സംഘവും പരിപാടിയിൽ പങ്കെടുത്തു.

ഫേസ്ബുക്കിൽ ആർപ്പോ ആർത്തവം എന്ന ഹാഷ് ടാഗിൽ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകൾ പുസ്തകമാക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യങ്ങളുടെ ചുവടുപിടിച്ച് ആർത്തവം അശുദ്ധമാണെന്ന  ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആർപ്പോ ആർത്തവം എന്ന ഹാഷ് ടാഗ് ക്യാമ്പയിന് പ്രസക്തിയേറുന്നത്. സ്ത്രീപ്രവേശനത്തോടൊപ്പം ആർത്തവകാലത്തെ ക്ഷേത്ര ദർശനത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.