ഓൺലെെൻ ടാക്സി മേഖലയിലെ പ്രതിസന്ധി; തൊഴിലാളി സംഘടനകൾ നിരാഹാരത്തിലേക്ക്

കൊച്ചി: ഉബർ,ഒല കമ്പനികൾ ട്രിപ്പുകൾക്ക് ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, മുൻകൂട്ടി അറിയിപ്പ് നൽക്കാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് ഒഴിവാക്കുക, വേതന വർധനവ് നടപ്പാക്കുക,തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ഓൺലെെൻ ടാക്സി തൊഴിലാളി സംഘടനകൾ നവംബർ 27  തിങ്കളാഴ്ച മുതൽ എറണാകുളം ജില്ലാ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ, ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, സേൽഫ് എംപ്ലോയിസ് ഡ്രൈവേഴ്സ് യൂണിയൻ, കേരളാ ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ,നാഷണൽ സെക്കുലർ കോൺഫ്രൻസ്, ജനപക്ഷ മോട്ടോർ തൊഴിലാളി യൂണിയൻ, ഓൺലൈൻ ക്യാബ് ഡ്രൈവേഴ്സ് അസോസിയേഷൻ, കേരളാ സ്റ്റേറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, ജനകീയ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.എറണാകുളം സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു രാവിലെ 10 മണിക്ക് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.ഒ.ടി.ഡി.യു സംസ്ഥാന പ്രസിഡൻ്റ്  അഡ്വ. ടി.ആർ.എസ് കുമാർ അദ്ധ്യക്ഷത വഹിക്കും.

മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, ലേബർ കമ്മീഷണർ എന്നിവർക്ക് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതികൾ നൽകിയെങ്കിലും സർക്കാരിന്റെയോ, ബന്ധപ്പെട്ട വകുപ്പുകളുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലന്ന് തൊഴിലാളി സംഘടനാ ഭാരവാഹികൾ പറഞ്ഞു. സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അനുകൂല തീരുമാനത്തിനായി മരണം വരെ നിരാഹാരം തുടരുമെന്നും തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി കൻവീനർ ജാക്സൻ വർഗ്ഗീസ് അറിയിച്ചു.