പികെ ശശി വിഷയം ഇന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം: പികെ ശശി എംഎൽഎക്കെതിരായ പീഡന പരാതിയിലെ പാർട്ടി കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി യോഗം ചർച്ച ചെയ്യും. ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.  എന്നാൽ പികെ ശശിക്കെതിരായ നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പികെ ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്.

പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നൽകി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ട്. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലലിലാണ് പാർട്ടി കമ്മീഷൻ. ശശിക്കും മറ്റ് രണ്ട് ജില്ല കമ്മിറ്റിയംഗത്തിനുമെതിരെ നടപടി ശുപാർശയുള്ള റിപ്പോർട്ടാണ് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണനക്കെടുക്കുന്നത്. പി.കെ ശശി എം എൽ എക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന് വി.എസ് അച്യുതാന്ദൻ പരാതിനൽകി. ലൈംഗികാരോപണ പരാതിയിൽ ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ് പരാതിയിൽ ആവശ്യപ്പെടുന്നു.