കെ.എം ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറി

തിരുവനന്തപുരം: സുപ്രീംകോടതി സ്‌റ്റേ നീട്ടാത്തതിനാൽ ആഴീക്കോട് എം.എൽ.എ, കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി. ഈ മാസം 24 മുതലാണ് കെ.എം ഷാജി നിയമസഭാംഗമല്ലാതായത്. കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനാവില്ലെന്നും സുപ്രീംകോടതി വാക്കാൽ പറഞ്ഞിരുന്നു. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഉടൻ പരിഗണിക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം മതിയാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ  വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ നിയമസഭാ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സാധിക്കില്ലെന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് കെ.എം ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറിയും അറിയിച്ചത്.

അഴീക്കോട് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായിരുന്ന കെ.എം ഷാജി തെരഞ്ഞെടുപ്പ് സമയത്ത് വർഗ്ഗീയ പ്രാചാരണം നടത്തിയെന്ന് കാട്ടി ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എം.വി നികേഷ്‌കുമാറിന്റെ ഹർജിയിൽ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം സുപ്രീം  കോടിയെ സമീപിക്കാൻ സ്റ്റേ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ടതിനെ തുടർന്ന്  വിധി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. എന്നാൽ സ്റ്റേ കാലാവധിക്കുള്ളിൽ സുപ്രീംകോടതി അപ്പീൽ പരിഗണിക്കാതിരുന്നതോടെ കെ.എം ഷാജി നിയമസഭാംഗം അല്ലാതായി എന്നാണ് നിയമസഭാ സെക്രട്ടറി ഇപ്പോൾ  വ്യക്തമാക്കിയിരിക്കുന്നത്.