സ്വകാര്യവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കരുത്; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: കുടുംബ ഫോട്ടോകളുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെക്കരുതെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നിരവധി ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അബുദാബി പോലീസിന്റെ നിർദേശം.

സാമൂഹ്യമാധ്യമങ്ങളിൽ നിന്നും സ്വകാര്യ ഫോട്ടോകളുൾപ്പെടെ ചോർത്തുന്നതായും അത് വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായുമുള്ള വ്യാപക പരാതികൾ അബൂദാബി പൊലീസിന് ലഭിച്ചിരുന്നു. വ്യാജ ലിങ്കുകൾ തുറക്കരുതെന്നും അനാവശ്യമായി സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കരുതെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നവരെ കണ്ടെത്തുക പ്രയാസകരമാണ്. ലോകത്തിന്റെ പല കോണുകളിൽ ഇരുന്നായിരിക്കും ഇത്തരക്കാർ സൈബർ കുറ്റകൃത്യങ്ങൾ നടത്തുക. അതിനാൽ  പലപ്പോഴും അവരുടെ ശരിയായ ഐ.പി അഡ്രസ്സ് ലൊക്കേറ്റ് ചെയ്യാനും സാധിക്കാറില്ല. അത് കൊണ്ട് തന്നെ ഇത്തരക്കാരുടെ കെണികളിൽ വീഴാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വയം സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ബോധവത്കരണ ക്യാമ്പയിൽ ആരംഭിക്കുമെന്നും അബുദാബി പോലീസ് പറഞ്ഞു.