ലൈംഗീക പീഡന പരാതി: പി.കെ ശശിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എയെ ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഫോണിലൂടെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ശശിക്കെതിരെ നടപടി സ്വീകരിച്ചത്.

പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നൽകി മൂന്നര മാസമായിട്ടും നടപടി ഉണ്ടാകാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ടായിരുന്നു. ശശിക്കും മറ്റ് രണ്ട് ജില്ലാ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിക്ക് ശിപാർശയുള്ള റിപ്പോർട്ടാണ് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണിച്ചത്. പി.കെ ശശി എം.എൽ.എ ക്കെതിരെ സി.പി.എം കേന്ദ്ര നേതൃത്വത്തിന് വി.എസ് അച്യുതാന്ദൻ ഇന്നലെ പരാതി നൽകിയിരുന്നു. ലൈംഗികാരോപണ പരാതിയിൽ ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടത്.