സൗദിയിൽ മഴ കനക്കുന്നു; ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിൽ കനത്ത മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ് ശക്തമായ മഴ പെയ്യുന്നത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസഥാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയിലും  വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായതിന് പിന്നാലെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴ പെയ്തത്. റിയാദിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയും കാറ്റും ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാൽ സൗദി സിവിൽ ഡിഫൻസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മഴ കനത്തതോടെ കിഴക്കൻ പ്രവിശ്യയിലെ പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.