മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്ക് എസ്.ബി.ഐയുടെ ഈ സേവനങ്ങൾ നഷ്ടമാകും

ഡൽഹി: മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവർക്ക് ഇനി മുതൽ ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ലെന്ന് എസ്ബിഐയുടെ അറിയിപ്പ്. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഡിസംബർ 1 മുതൽ ഉപഭോക്താക്കൾക്ക് മൂന്ന് സേവനങ്ങൾ ഉപയോഗിക്കാനാകില്ല. നിലവിൽ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവർക്ക് എസ്.ബി.ഐയുടെ വെബ്‌സൈറ്റ് വഴി മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാകും.

എസ്.ബി.ഐ നെറ്റ് ബാങ്കിംഗ്, പെൻഷൻ വായ്പയ്ക്കുള്ള ഉത്സവകാല ആനുകൂല്യം, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളായിരിക്കും മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുന്നത്. നെറ്റ് ബാങ്കിങ് സേവനം ലഭ്യമായില്ലെങ്കിലും മൊബൈൽ നമ്പർ നൽകാത്തവർക്കും അക്കൗണ്ടിലൂടെയും എടിഎമ്മിലൂടെയും ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല.

അതേസമയം മണി വാലറ്റ് ആപ്പായ എസ്ബിഐ ബഡിയിൽ പണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് നവംബർ 30ന് മുമ്പ് പിൻവലിക്കാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ ബഡി സേവനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് പണം പിൻവലിക്കാൻ അധികൃതർ അറിയിച്ചത്. 2015 ഓഗസ്റ്റിൽ തുടങ്ങിയ എസ്ബിഐ ബഡി ലാഭകരമല്ലാത്തതിനെ തുടർന്നാണ് ആപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എസ്ബിഐ യോനോ വൻ വിജയമായതിനാലാണ് ബഡി പിൻവലിക്കുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.