ദേവസ്വം ബോർഡിൻ്റെ വരുമാനത്തിൽ വൻ ഇടിവ്; ശബരിമലയിൽ അപ്പം ഉൽപാദനം നിർത്തിവച്ചു

പമ്പ: തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് ശബരിമലയിൽ അപ്പം ഉൽപാദനം നിർത്തിവച്ചു. അരവണ ഉൽപാദനവും അഞ്ചിലൊന്നായി ചുരുക്കി. ദിവസം 48000 ടിൻ അരവണ ഉണ്ടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഉണ്ടാക്കുന്നത് 9600 ടിൻ മാത്രമാണ്. തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വൻ ഇടിവുണ്ടായി. എന്നാൽ വിൽപന കുറഞ്ഞപ്പോൾ മുമ്പും അപ്പം-അരവണ ഉൽപാദനം നിർത്തിവെച്ചിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ നടവരവിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്.യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളും പൊലീസ് നിയന്ത്രണങ്ങളുമൊക്കെ തീർത്ഥാടകരുടെ വരവ് കുറച്ചിരുന്നു.അപ്പം,അരവണ  കൗണ്ടറുകളുടെ പ്രവർത്തനത്തിനും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ദേവസ്വം ബോർഡ് എതിർത്തതോടെ നിയന്ത്രണം നീക്കി.തീർത്ഥാടകരെ സന്നിധാനത്ത് വിരി വെക്കാൻ അനുവദിക്കാതിരുന്നതും തിരിച്ചടിയായി.