ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു

മസ്ക്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് കണക്കുകൾ. ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 3.3 ശതമാനം കുറവുണ്ടായി എന്നാണ് ദേശീയ സ്ഥിതി വിവര കേന്ദ്രം വിലയിരുത്തുന്നത്. മസ്‌കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. തൊഴിലാളികളുടെ എണ്ണത്തിൽ 4.7 ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഒമാനിൽ തൊഴിലെടുക്കുന്നവരിൽ അധികപ്പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിലും 3.8 ശതമാനം കുറവുണ്ടായി. അതേസമയം, ഫിലിപ്പൈൻസ്, നേപ്പാൾ, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായി. നേപ്പാളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ ഒരു ശതമാനം വർദ്ധനവുണ്ടായപ്പോൾ ഉഗാണ്ടയിൽ നിന്നുള്ളവരുടെ എണ്ണം 38.7 ശതമാനമായി ഉയർന്നു. ഫിലിപ്പിനോകളുടെ എണ്ണത്തിൽ ആറ് ശതമാനവും, ഈജിപ്റ്റിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 11.1 ശതമാനം വർദ്ധനവും രേഖപ്പെടുത്തി.