സെൻകുമാറിനെ കുടുക്കാൻ സർക്കാർ; ചാരക്കേസിൽ നമ്പി നാരായണനെ പീഡിപ്പിക്കാൻ കൂട്ടുനിന്നെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെ കുരുക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ഹൈക്കോടതിയിൽ.ചാരക്കേസിൽ സുപ്രീം കോടതി ക്ളീൻചിറ്റ് നൽകിയ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പീഡിപ്പിച്ചതിൽ സെൻകുമാറിനും പങ്കുണ്ടെന്നാരോപിച്ച് ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകി. സെൻകുമാറിനെതിരെ സർക്കാർ നേരത്തേ നൽകിയ മൂന്ന് കേസുകളും ഹൈക്കോടതി തള്ളിയിരുന്നു. ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിനെതിരെ സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തി  പോലീസ് മേധാവി സ്ഥാനം തിരിച്ച് പിടിച്ചതിന് പിന്നാലെ മൂന്ന് കേസുകളിൽ ടി.പി സെൻകുമാറിനെ സർക്കാർ പ്രതി ചേർത്തിരുന്നു.എന്നാൽ മൂന്ന് കേസുകളും അടിസ്ഥാനമില്ലെന്ന് കണ്ട്  ഹൈക്കോടതി തള്ളി. അതിന് പിന്നാലെയാണ് സെൻകുമാറിനെതിരെ പുതിയ ആരോപണങ്ങളുമായി സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാറും കൂട്ടു നിന്നെന്നാണ് സർക്കാർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ചാരക്കേസിൽ വിധി അനുകൂലമായതിന് ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ പരാതിയിൽ ഏഴാം എതിർ കക്ഷിയാണ് സെൻകുമാർ. അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സർക്കാർ വൈകിക്കുന്നുവെന്ന് കാട്ടി ടി.പി സെൻകുമാർ ഹൈക്കോടതിയിൽ  നൽകിയ ഹർജി നിലനിൽക്കുകയാണ്. ഇതിനിടയിലാണ് പൂതിയ ആരോപണങ്ങളുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.

ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്ത് ചാരക്കേസ് പുനരന്വേഷിക്കാൻ ടി.പി സെൻകുമാറിനെ നിയോഗിച്ചിരുന്നു. കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ തുടരന്വേഷണത്തിന് അനുമതി നേടിയെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സിബിഐ അന്വേഷിച്ച കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനിച്ചത് അന്നത്തെ സർക്കാരായിരുന്നെന്നും ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് കേസ് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ടി.പി സെൻകുമാർ പറഞ്ഞു. തനിക്കെതിരെ കെട്ടിച്ചമച്ച കേസുകൾ നിയമപരമായി നേരിടുമെന്നും സെൻകുമാർ വ്യക്തമാക്കി.

അതേസമയം സംസ്ഥാന സർക്കാരിനെതിരെയുള്ള ആയുധമായി ടി.പി സെൻകുമാറിനെ കേന്ദ്രസർക്കാർ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുതായി സൂചനയുണ്ട് . സംസ്ഥാന സർക്കാരുമായി നിയമ പോരാട്ടം നടത്തി ഡി.ജി.പി സ്ഥാനം തിരിച്ചു പിടിച്ച സെൻകുമാറിനെ ഗവർണർ സ്ഥാനത്ത് നിയമിക്കുന്നത് കേരളത്തിലെ ബി.ജെ.പിക്ക് ഗുണകരമാകുമെന്നാണ്  കേന്ദ്രസർക്കാർ  വിലയിരുത്തൽ. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ സെൻകുമാറുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.