സോഷ്യൽ മീഡിയയിൽ തരംഗമായി ഷാഹിദിന്റെ അര്‍ജ്ജുന്‍ റെഡ്ഡി ലുക്ക്

വിജയ് ദേവരുകൊണ്ടയുടെ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കായ കബീർ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഷാഹിദിന്റെ കിടിലന്‍ ലുക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താടിയും മീശയും വടിച്ച ഷാഹിദിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥിയായും യുവാവുമായി രണ്ട് ഗെറ്റപ്പുകളിലാണ് ഷാഹിദെത്തുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.

സാധാരണ തെലുങ്ക് സിനിമാ സ്‌റ്റൈലിനെ തകര്‍ത്തെറിഞ്ഞ് മുഴുനീളെ ന്യൂജെന്‍ ചിത്രമെന്നാണ് അര്‍ജുന്‍ റെഡ്ഡിയെ വിശേഷിപ്പിക്കുന്നത്. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണിത്. കൈറ അദ്വാനി, നിഖിത ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ വിക്രമിന്‍റെ മകന്‍ ദ്രുവ് ആണ് നായകന്‍. ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.