ചൊവ്വയില്‍ മനുഷ്യവാസത്തിന് ഇനി എത്ര കാലം? ഇന്‍സൈറ്റ് ഗവേഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8കോടി കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയില്‍ വിജയകരമായി ഇറങ്ങിയത്. ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.

2018 മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയില്‍ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തില്‍ സജ്ജമാണ്. ഇന്‍സൈറ്റിന് ഏകദേശം 358 കിലോ ഭാരമുണ്ട്. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ അറിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചൊവ്വ എത്രമാത്രം ഭൂകമ്പബാധിതമാണെന്ന്  കണ്ടെത്തുക എന്നത് ഇന്‍സൈറ്റിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങളും ദൗത്യത്തിനൊപ്പമുണ്ട്.