വയൽകിളികൾക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പി. ജയരാജൻ

കണ്ണൂർ: കീഴാറ്റൂർ സമരക്കാർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. പുറത്ത് പോയവർക്ക് തെറ്റ് തിരുത്തി തിരികെ വരാം. സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും വയൽകിളികൾക്ക്  ഇനി സമരവുമായി മുന്നോട്ട് പോകാനാവില്ലെന്നും ജയരാജൻ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കീഴാറ്റൂരിൽ ബി.ജെ.പി നടത്തിയത് നുണ പ്രചരണമാണ്. കീഴാറ്റൂരിൽ സി.പി.ഐ.എമ്മിനെ തകർക്കാൻ ദേശവിരുദ്ധ ശക്തികൾ ശ്രമം നടത്തിയെന്നും ജനങ്ങളെ കബളിപ്പിച്ചതിന് ബി.ജെ.പി മാപ്പ് പറയണമെന്നും ജയരാജൻ വ്യക്തമാക്കി. ഒരു വികസന വിഷയത്തെ സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് ദുരുപയോഗം ചെയ്തതിൻറെ പുതിയ അധ്യായമാണിതെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.

കീഴാറ്റൂരിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ വയൽക്കിളികളുടെ സമരത്തെ തുടർന്ന് ബദൽ പാത പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബദൽ പാതയുടെ സാധ്യത തേടാൻ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാനും സർക്കാർ  തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകളൊന്നും പാലിക്കാതെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പഴയ അലൈൻമെന്റുമായി മുന്നോട്ട് പോകുന്നത്.