ഉപയോഗശേഷമുള്ള കുപ്പിയും കുപ്പി ചില്ലും ക്ലീൻ കേരള കമ്പനി ശേഖരിക്കും

പത്തനംതിട്ട: അജൈവ മാലിന്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും നാട്ടുകാർക്കും പ്രശ്നമായിരുന്ന ഗ്ലാസ് കുപ്പികളും കുപ്പി ചില്ലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കാൻ ഗവ. കമ്പനി ആയ ക്ലീൻ കേരള സജ്ജമായി. ഹരിത കേരള മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് – മുൻസിപാലിറ്റിയിൽ രൂപീകരിച്ചിരിക്കുന്ന ഹരിത കർമ്മ സേന വഴി ഇത് ശേഖരിക്കും. കുപ്പിയും കുപ്പി ചില്ലും ഗ്ലാസ് മാലിന്യങ്ങളും പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നതിലൂടെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. പാഴ് വസ്തു വ്യാപാരികൾ പോലും ഇത് എടുക്കുവാൻ തയ്യാറാകുന്നില്ലായിരുന്നു. ഹരിത കർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മറ്റ് അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്ന കൂട്ടത്തിൽ ഗ്ലാസ് കുപ്പികളും കുപ്പി ചില്ലും ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബീയർ കുപ്പികൾ , ഗ്ലാസ് കുപ്പികൾ, കുപ്പി ചില്ലുകൾ എന്നിവ പ്രത്യേകമായി ശേഖരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇത് പഞ്ചായത്ത് മുൻസിപ്പൽതല മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി യിലേക്ക് (എം.സി.എഫ്) എത്തിക്കുകയും അവിടുന്ന് ക്ലീൻ കേരള കമ്പിനി ശേഖരിക്കാനുമാണ് പദ്ധതി. ബീയർ കുപ്പികൾക്ക് ഒരു കിലോക്ക് ഒരു രൂപയും കുപ്പി ചില്ലിന് കിലോഗ്രാമിന് എഴുപത്തിയഞ്ച് പൈസയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഹരിത കർമ്മ സേനക്ക് കമ്പനിക്കും നല്കും. ഇത് പുന: ചക്രമണത്തിനായി കമ്പനി കൈമാറും. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കഴിഞ്ഞു. പ്ലാസ്റ്റിക്ക്, ഇമാലിന്യം എന്നിവ ഇതിനോടകം ക്ലീൻ കേരള കമ്പനി പുന: ചക്രമണത്തിനായി ശേഖരിച്ചു വരുന്നുണ്ട്.

കുപ്പിയും ഗ്ലാസ് മാലിന്യവും ശേഖരിക്കുവാൻ തീരുമാനമായതോടു കൂടി അജൈവ മാലിന്യശേഖരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ ഇടപെടൽ നടത്താനാവും. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ യന്ത്രം മുഖേനെ അരിഞ്ഞ് റോഡ് ടാറിംഗിന് ഉപയോഗപെടുത്തുന്ന പദ്ധതി ക്ലീൻ കേരള കമ്പനിയാണ് നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഹരിത കർമ്മ സേനകൾ സജീവമാകുന്ന തോടുകൂടി അജൈവ പാഴ്വ സ്തുക്കൾ ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യാനാവുമെന്ന് ക്ലീൻ കേരള കമ്പനി മാനേജർ എം.ബി. ദിലീപ് കുമാർ പറഞ്ഞു.

ഹരിത കേരള മിഷനും ശുചിത്വ മിഷനും ഇതിനായി സജീവമായി പ്രവർത്തിക്കുന്നു.കൂടാതെ എല്ലാ ബ്ലോക്കുകളും നഗരസഭകളും കേന്ദ്രീകരിച്ച് ഹരിത കർമ്മ സേനയെ പ്രവർത്തന സജ്ജമാക്കാൻ ഹരിത സഹായ സ്ഥാപനങ്ങളേയും നിയോഗിച്ചീട്ടുണ്ട്. ഒരു വാർഡിൽ നിന്നും രണ്ടു പേർ വീതം ഉൾപ്പെടുന്ന സേനയാണ് ഹരിത കർമ്മ സേന. ഇവർക്ക് ഹരിത കേരള മിഷൻ പ്രത്യേക പരിശീലനം നൽകി കുടംബശ്രീയുടെ സഹകരണത്തോട് ഒരു സംരംഭക ഗ്രൂപ്പാക്കി വിവിധോദ്ദേശ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കും.