യുഎഇയിൽ വാട്സാപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക

ദുബായ്: വാട്സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് രാജ്യത്ത് പതിവായതിനെ തുടർന്നാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു വെരിഫിക്കേഷന്‍ കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി.

വാട്സാപ്പില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത് പോലുള്ള ഒരു ടെക്സ്റ്റ് മെസ്സേജ് ഫോണിലേക്ക് വരും, മെസ്സേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൊബൈല്‍ നമ്പരും രഹസ്യ കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തിലാണ് തട്ടിപ്പ് സംഘം അക്കൗണ്ട് ഹാക്ക്  ചെയ്യുന്നത്. ടെക്സ്റ്റ് മെസ്സേജുകള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ദ്ധർ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.