സൗദിയില്‍ ലെവി സംബന്ധിച്ച തീരുമാനം ഉടൻ; പ്രതീക്ഷയിൽ പ്രവാസികൾ

റിയാദ് : സൗദിയില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് നടപ്പാക്കിയ ലെവിയിലും 2018 ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവിയിലും മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതിയിലും ആശ്വാസജനകമായ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി വ്യക്തമാക്കി. ഞായറാഴ്ച പുതിയ ലേബര്‍ കോടതികള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാംഘട്ട മൂല്യ വര്‍ധിത നികുതി എന്നിവയിലാകും നിര്‍ണായക തീരുമാനമുണ്ടാവുക എന്നാണ് സൂചന. കാരണം ഇതാണ് വിപണിയെ നേരിട്ട് ബാധിക്കുന്നത്.

ഒന്നിച്ചടക്കുന്ന തുക ഘട്ടംഘട്ടമായി അടയ്ക്കാനോ മാസാവസാനം അടയ്ക്കാനോ ഇളവ് വരുത്താനോ ശ്രമം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ആശ്രിത ലെവിയുടെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ചാര്‍ജ് മാത്രം നിലനിര്‍ത്താനോ അല്ലെങ്കില്‍ വര്‍ഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ലെവിയിലെ ചെറിയ മാറ്റം പോലും ഗുണകരമാകും എന്നതിനാല്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.