അറസ്റ്റിന് പിന്നാലെ രഹന ഫാത്തിമയ്ക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ സസ്‌പെൻഡ് ചെയ്തു. രവിപുരത്ത് ബിഎസ്എൻഎല്ലിൽ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹന. ഫേസബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് പത്തനംതിട്ട പൊലീസ് രഹനയെ അറസ്റ്റ് ചെയ്തതിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

ശബരിമല ദർശനത്തിന് എത്തുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അയ്യപ്പഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള  ചിത്രം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം 20നാണ് രഹന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ മതസ്പർദ്ധയുണ്ടാക്കിയെന്നും വിശ്വാസികളെ പ്രകോപിപ്പിച്ചെന്നുമുള്ള ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോന്റെ പരാതിയിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റുചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കവെയായിരുന്നു പൊലീസ് കൊച്ചിയിൽ നിന്ന് അവരെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെയാണ് ബി.എസ്.എൻ.എല്ലും രഹന ഫാത്തിമയെ സസ്‌പെൻഡ് ചെയ്തത്.