ശബരിമലയിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രത്യേക നിരീക്ഷണ സംഘത്തെയും കോടതി നിയോഗിച്ചു. റിട്ട. ജഡ്ജിമാരായ പി.ആർ. രാമൻ, എസ്. സിരിജഗൻ എന്നിവർ സമിതിയിലുണ്ട്. എ. ഹേമചന്ദ്രനും നിരീക്ഷകസംഘത്തിലുണ്ട്.

അതേസമയം ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. അന്നദാന, പ്രസാദം കൗണ്ടറുകൾ നേരത്തെ അടയ്ക്കുന്നത് ശരിയല്ലെന്നും ഭക്തർക്കേർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും വിരി വെയ്ക്കാൻ സൗകര്യമൊരുക്കണം. കെഎസ്ആർടിസി തുടർച്ചയായി സർവീസ് നടത്തണമെന്നും കോടതി നിർദേശിച്ചു.

അതിനിടെ ശബരിമലയിലെ പോലീസ് നടപടിക്കെതിരെയും ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. ശബരിമലയിൽ ചില ഐപിഎസ് ഉദ്യോഗസ്ഥർ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെത്തിയ ഹൈക്കോടതി ജഡ്ജിയെ വരെ പോലീസ് അപമാനിച്ചുവെന്നും ജഡ്ജി വിസമ്മതിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാതിരുന്നതെന്നും കോടതി പറഞ്ഞു. പോലീസ് മാന്യമായ പരിശോധനകൾ നടത്തണമെന്നും അതേസമയം ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുമെന്നും ഹൈക്കോടതി അറിയിച്ചു.