ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി: അനുമതിയില്ലാത്ത ഭൂമി സ്വദേശികള്‍ക്ക് കൈമാറണം

മസ്‌കറ്റ്: വിദേശികൾക്ക് കൈവശം വെക്കാൻ അനുമതി ഇല്ലാത്തയിടങ്ങളിലെ സ്ഥലവും മറ്റ് വസ്തുവകകളും ഉടന്‍ ഒമാന്‍ സ്വദേശികള്‍ക്കു കൈമാറണമെന്ന് ഹൗസിങ് മന്ത്രാലയം ഉത്തരവിട്ടു. രണ്ട് വർഷത്തിനുള്ളിൽ ഇവ കൈമാറണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.ഒരു വര്‍ഷത്തെ അധിക സമയം ഹൗസിങ് മന്ത്രാലയത്തിന്റെ വിവേചനാധികാരത്തില്‍ ലഭിക്കും. ഒക്ടോബര്‍ ഇരുപത്തി എട്ടിന് പുറത്തിറക്കിയ 29/2018 എന്ന രാജകിയ ഉത്തരവിന് പ്രകാരമാണ് ഒമാന്‍ ഹൗസിങ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇൗ ഉത്തരവ് പ്രകാരം ഒമാനിൽ എവിടെയും വിദേശികൾ കൃഷിഭൂമി സ്വന്തമാക്കാന്‍ പാടുള്ളതല്ല.നിരോധിത മേഖലകളിൽ ഭൂമിയോ മറ്റ് വസ്തുവകകളോ ഉള്ള ഒമാനികൾ അല്ലാത്തവരുമായി ധാരണയിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി വിദേശി ഉടമസ്ഥതയിലുള്ള കൃഷി ഭൂമികളുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു.

ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനും പാടുള്ളതല്ല. കൊട്ടാരങ്ങൾ, സുരക്ഷാ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികൾക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ പെടും. നിയമത്തെ മറി കടക്കാൻ തട്ടിപ്പ് രീതികൾ സ്വീകരിക്കുന്നവർക്ക് ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും രണ്ടായിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി നൽകാനും വ്യവസ്ഥയുണ്ട്.