ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ഭുവനേശ്വർ: ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വർ കലിംഗ സ‌്റ്റേഡിയത്തിൽ തുടക്കം. ബെല്‍ജിയവും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ‌് സിയിലാണ‌് ഇന്ന‌് രണ്ട‌ു മത്സരങ്ങളും. ഉദ‌്ഘാടനച്ചടങ്ങുകൾ വൈകിട്ട‌് 5.30ന‌് ആരംഭിക്കും. ആകെ 16 ടീമാണ‌് മത്സരിക്കുന്നത‌്. നാല‌ു ഗ്രൂപ്പുകൾ. ഗ്രൂപ്പ‌് ചാമ്പ്യന്മാർക്ക‌് നേരിട്ട‌് ക്വാർട്ടറിലെത്താം. ഡിസംബർ 12നും 13നുമാണ‌് ക്വാർട്ടർ മത്സരങ്ങൾ. സെമി 15നും ഫൈനൽ 16നുമാണ‌്.

43 വർഷങ്ങൾക്ക‌ുമുമ്പാണ‌് ഇന്ത്യ ആദ്യമായും അവസാനമായും ലോകകിരീടം ചൂടുന്നത‌്. അന്ന‌് അജിത‌് പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പാകിസ്ഥാനെ തോൽപ്പിച്ച‌് കിരീടം നേടി. എട്ട‌ുതവണ ഒളിമ്പിക‌് ചാമ്പ്യന്മാരായ ഇന്ത്യക്ക‌് അതിനുശേഷം ലോകകപ്പിന്റെ ഫൈനലിൽപ്പോലും കടക്കാനായിട്ടില്ല. ലോകറാങ്കിങ്ങിൽ അഞ്ചാമതാണ‌് ഇന്ത്യ. ഗ്രൂപ്പിൽ മൂന്നാംറാങ്കുകാരായ ബൽജിയമാണ‌് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ഗോൾ കീപ്പർ പി ആർ ശ്രീജേഷാണ‌് ഇന്ത്യയുടെ കരുത്ത‌്. ശ്രീജേഷിനൊപ്പം ക്യാപ‌്റ്റൻ മൻപ്രീത‌് സിങ‌്, ആകാശ‌്ദീപ‌് സിങ‌്, ബിരേന്ദ്ര ലക്ര എന്നിവരും ഇന്ത്യയുടെ പ്രതീക്ഷകളാണ‌്.