ക്രിമിനലുകളെ പിടികൂടാൻ ഹൈടെക്ക് കാറുകളുമായി ദുബായ് പൊലീസ്

ദുബായ്: ലോക പൊലീസ് സേനകളിൽ കാലത്തിന് മുന്നേ നടക്കുന്നവരാണ് ദുബായ് പൊലീസ്. ക്രിമിനലുകളെ പിടികൂടുന്നതിനും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനുമായി  ഹൈടെക്ക് സൂപ്പര്‍ കാറുകൾ നിരത്തിലിറക്കിയിരിക്കുകയാണ് പൊലീസ്. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫെയ്സ് ഡിറ്റക്ഷന്‍ വഴി ക്രിമിനലുകളെ കണ്ടെത്തുന്നതിന് പുതിയ കാർ സഹായിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ലോകത്തെ ഏറ്റവും അത്യാധുനികമായ സാങ്കേതിക സൗകര്യമുള്ള ഈ പോലീസ് വാഹനത്തിന് ‘ജിയത്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

കാറിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു കൊണ്ട് പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തരംഗമായി. സൂപ്പർകാറുകളും ലക്ഷ്വറി കാറുകളും ഈ സൂപ്പർ പൊലീസിനുണ്ട്. ഒറ്റയടിക്ക് 25 മിനിറ്റു നേരം വരെ പറക്കാൻ സാധിക്കുന്ന ഹോവർസർഫർ പറക്കും ബൈക്കും ഉടൻ നിരത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ് പൊലീസ്. 2017 ജിടെക്‌സിൽ പ്രദർശിപ്പിച്ച ഹോവർസർഫറിൽ പൊലീസ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഹോവർസർഫർ കമ്പനിയുടെ ആദ്യ പ്രൊഡക്ഷൻ മോഡൽ സ്വന്തമാക്കിയതും ദുബായ് പൊലീസ് തന്നെ.